DISCLAIMER: ഇത് ഒരു സംഭവ കഥയാണ്. ഇതിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരിപ്പുള്ളവരും (പക്ഷെ ഉപയോഗിച്ച പേരുകള്‍ സാങ്കല്പികം ആണ്). നമ്മളില്‍ പലരുടെയും ജീവിതാനുഭവങ്ങള്‍ ഈ കഥയില്‍ പ്രതിഫലിക്കുന്നുണ്ടെങ്കില്‍ അത് യാദൃശ്ചികം അല്ല കരുതിക്കൂട്ടി ചെയ്തതാണ്, ഇനി അതിന്റെ പേരില്‍ ആര്‍ക്കെങ്കിലും എന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താം എന്ന് ഉദ്ദേശ്യം ഉണ്ടെങ്കില്‍ പറഞ്ഞാല്‍ മതി, ഞാന്‍ വന്നു കണ്ടു കാലു പിടിച്ചോളാം. എനിക്ക് സീരിയസ് കാര്യങ്ങള്‍ പറയാന്‍ അറിയില്ല എന്ന് പറഞ്ഞ പ്രശസ്ത ഫേസ് ബുക്ക്‌ നിരൂപകന്‍ അന്നൂര്‍ ജിജേഷിനും ക്ലാരിടി കുറവാണെന്ന് പറഞ്ഞ പ്രശസ്ത ഫോട്ടോണിക് ഗവേഷകന്‍ ലിനെഷ്‌ അവര്‍കള്‍ക്കും കൊടുക്കുന്ന ഒരു ചെറിയ മറുപടി കൂടി ആണിത് (.....ബഡായി കുറെ അടിച്ചിട്ടുണ്ട് എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ... ബള്‍ബ്‌ ഒന്ന് മിന്നിച്ചേക്കണെയ്)

**********************************************************
സ്ഥലം : കേരളത്തില്‍ ഒരിടത്ത്‌
സമയം : പറയില്ല

"അല്ല ഇതുവരെ തുറന്നില്ലേ?"

"ഇല്ല കുറച്ചു കഴിയട്ടെ എന്ന് വച്ച്, പെട്ടെന്ന് തുറന്നാല്‍ ഇനി വല്ല പ്രശ്നവും ഉണ്ടായാലോ?

"എന്ത് പ്രശ്നം, താന്‍ ധൈര്യമായിട്ടു തുറക്കൂ?"

"എന്നാലും, ആള്‍ക്കാര്‍ എന്തൊക്കെയോ പറയുന്നു, എന്റെ മനസ്സും പറയുന്നു.തുറക്കാന്‍ പാടില്ല എന്ന്.

"താന്‍ ഏതു നൂറ്റാണ്ടില്‍ ആണെടോ ജീവിക്കുന്നത്, ഇതൊക്കെ വെറും അന്ധവിശ്വാസം മാത്രം, ഇത് തുറന്നത് കൊണ്ട് ലോകം ഇടിഞ്ഞു വീഴത്തോന്നുമില്ല.

"അല്ല...എന്നാലും."

"ഒരു എന്നാലുവും ഇല്ല, നമ്മള്‍ ഇതു തുറക്കാന്‍ പോകുന്നു, പേടി ഉള്ളവര്‍ക്ക് മടങ്ങി പോകാം."


"പേടി ഉണ്ടായിട്ടല്ല, പക്ഷെ ഒരു ചെറിയ ധൈര്യക്കുറവ്, നമ്മള്‍ ഈ ചെയ്യുന്നത് ശരി ആണോ എന്ന് തോന്നല്‍.""""""

"ഞാന്‍ പറയുന്നു, ഇത് തുറന്നത് കൊണ്ട് ഒരു പ്രശ്നവും വരാന്‍ പോകുന്നില്ല, ചുമ്മാ പ്രശ്നിച്ചു സമയം കളയാന്‍ ഒന്നും ഞാന്‍ ഇല്ല. നമ്മള്‍ ഇത് തുറന്നിട്ട്‌ ബാക്കി കാര്യം."


അങ്ങനെ ആ മഹാ സംഭവം നടക്കാന്‍ പോകുകയാണ്, പിറകില്‍ നില്‍ക്കുന്ന ധൈര്യം കുറഞ്ഞ ഒരുത്തന്‍ ഈ രംഗം കാണാനാവാതെ കണ്ണ് പൊത്തിക്കൊണ്ട് ചെവിയില്‍ രണ്ടു വിരലും അമര്‍ത്തി മാറി നിന്നു. ചിലര്‍ എന്ത് സംഭവിക്കും എന്ന് ഉറ്റുനോക്കിക്കൊണ്ടിരുന്നു. മറ്റു ചില മുന്തിയ ടീംസ് നമ്മള്‍ ഇതൊക്കെ എത്ര കണ്ടതാ എന്നാ മട്ടില്‍ നിര്‍വികാരതയോടെ തുറക്കുന്നതും കാത്തിരുന്നു.

അതാ തുറക്കുന്നു.. തുറന്നു കഴിഞ്ഞു...............


"ശശ്ശ്ശ്ശ്ഷ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്........................................

ആദിയില്‍ ബിയര്‍ ബോട്ടിലില്‍ നിന്നും അങ്ങനെ ബ്രിസ്ക് എഫര്‍വെസ്സെന്‍സ് ഉണ്ടായി. നുരയും പതയും കലര്‍ന്ന മീന്‍കൊത്തി തൈലം, പുറത്തേക്കു കുതിച്ചു ചാടി, സ്ഥലം കാക്കനാട് നിന്നും ഇടച്ചിറ പോകുന്ന വഴിക്ക് കുസുമഗിരിക്കടുത്തുള്ള ഒരു വീട്, സമയം വെള്ളിയാഴ്ച നട്ടപ്പാതിര, അഞ്ചു ദിവസത്തെ വെടിവെപ്പ് കഴിഞ്ഞു ക്ഷീണിച്ചു വീട്ടിലെത്തിയ IT പട്ടാളക്കാര്‍ വീകെന്റ് വെള്ളമടി എന്ന സാംസ്കാരിക കേരളത്തിന്റെ തനത് കലാരൂപം അവതരിപ്പിക്കാന്‍ ഉള്ള പുറപ്പാടിലാണ്. ആകെ മൊത്തം ഒരു പതിനഞ്ചു പേര്‍ വരും, തരം തിരിച്ചു വരുമ്പോള്‍ പാമ്പുകള്‍(( (എസ്ടാബ്ലിഷഡ് കുടിയന്മാര്‍)),) - മൂന്ന്, പരക്കുടിയന്മാര്‍(,(ഇത് പാമ്പ് എന്ന ഡിഗ്രി കിട്ടും മുമ്പുള്ള ഒരു താല്‍കാലിക അവസ്ഥ)- അഞ്ച്, കളരിക്കുടിയന്മാര്‍(,(ഇവര്‍ കുടിച്ച ഉടനെ വാളും പരിചയും എടുക്കുന്ന ധീരര്‍),)- നാല്, കന്നിക്കുടിയന്മാര്‍(,(കുടിയിലേക്ക് കാലു വെയ്ക്കുന്ന പിഞ്ചു പൈതങ്ങള്‍),)- മൂന്ന്. അവര്‍ തങ്ങളുടെ സുരാപാന സീനിയോറിട്ടിയുടെ അവരോഹണ ക്രമത്തില്‍ കുപ്പികള്‍ക്ക് ചുറ്റും ഇരുന്നു. പാമ്പുകകള്‍ക്കും പരക്കുടിയമാര്‍ക്കും ഇരിക്കാന്‍ കസേരയോ സ്റൂലോ, കളരിക്കുടിയന്മാര്‍ നിലത്തിരുന്നു. കന്നിക്കുടിയന്മാര്‍ അവിടെ ഇവിടെയായി തൂണും ചാരി നിന്നു (ജോലിയിലായാലും, കുടിയിലായാലും ഫ്രഷേര്‍സിനോടുള്ള ചിറ്റമ്മ നയം കൊച്ചിയുടെയും കേരളത്തിന്റെയും കൂടപ്പിറപ്പാണല്ലോ). നിലത്ത് പായ വിരിച്ചിരിക്കുന്നു. പാമ്പുകള്‍ക്ക് മുന്നിലെ മേശയില്‍ മക്‌ ടവല്സ്, ബിജോയ്സ്‌, ക്രിസ്ത്യന്‍ ബ്രതെര്സ്. താഴെ പായില്‍ ജിന്നും പിന്നെ വൈറ്റ് മിസ്ചിഫ്, വോഡ്ക തുടങ്ങിയ ധവളപാനീയങ്ങള്‍, കന്നിക്കുടിയന്മാര്‍ക്കായി കിംഗ്‌ ഫിഷെര്‍. മേളം കൊഴുക്കുന്നതിനു മുന്‍പുള്ള തയ്യാറെടുപ്പുകള്‍, കന്നിക്കുടിയന്മാര്‍ സെറ്റപ്പ് ചെയ്യാന്‍ ഓടി നടക്കുന്നു, പാമ്പുകള്‍ അവര്‍ക്ക് നേതൃത്വം നല്‍കുന്നു.

ചടങ്ങുകള്‍ തുടങ്ങാറായി, ഒരു ഇടത്തരം അരിസ്ടോക്രാടിക് വെള്ളമടിക്കു വേണ്ട എല്ലാ സാമഗ്രികളും നിലത്ത് പായയില്‍ നിരന്നു കഴിഞ്ഞു. നിറപറ, പാലാട്ട്, ഈസ്‌ടെന്‍ ഇവയുടെ മാങ്ങ, നാരങ്ങ, വെളുത്തുള്ളി, സവാള, പച്ചമുളക് അച്ചാറുകള്‍ (നക്കാനുള്ളവ). ചന്ദനത്തിരി,കുന്തിരിക്കം, സാമ്പ്രാണി, വിക്ക്സ്, ടയിഗര്‍ ബാം(മണക്കാനുള്ളവ), വില്സ്,സിസേര്സ്,ദിനേശ്‌ ബീഡി, മല്ബോരോ(പാമ്പുകള്‍ക്ക് മാത്രം),ഗോള്‍ഡ്‌ ഫ്ലെയ്ക്(വലിക്കാനുള്ളവ), റബ്ബര്‍ ബാന്‍ഡ്‌, ഇലാസ്റ്റിക്, ട്രൌസറിന്റെ വള്ളി (വലിക്കാത്തവര്‍ക്ക് വലിക്കാനുള്ളവ), പൌലോ കൊയ്ലോയുടെ ആല്‍കെമിസ്റ്റ്, മാര്കെസിന്റെ കോളര കാലത്തെ പ്രണയം, കളിക്കുടുക്ക (വീശാനുള്ളവ, ഇവയില്‍ കളിക്കുടുക്കക്കാണ് ഡിമാന്‍ഡ് കൂടുതല്‍, പേപ്പര്‍ കുറവായത് കൊണ്ട് നല്ല കാറ്റ് കിട്ടും.)പിന്നെ സ്ഥിരം ഐറ്റംസ് ആയ വക്ക് പൊട്ടിയ ബക്കറ്റ്‌, പാട്ട, കീറിയ തോര്‍ത്ത്‌, ഡെറ്റോള്‍, പട്ടിയെ കുളിപ്പിക്കുന്ന സോപ്പ്(പിറ്റേ ദിവസത്തേക്ക്). ഇവയൊക്കെ കളരിക്കുടിയമാരുടെ അടുത്ത് ഭംഗിയായി അറേഞ്ച് ചെയ്തു വച്ചിരുന്നു. വീട്ടില്‍ പോകേണ്ട ഗഡികള്‍ക്ക് മണനിവാരണത്തിന് വേണ്ടി ഗ്രാമ്പൂ, കരുവപ്പട്ട,ഏലം, കുരുമുളക്, പാസ്‌ പാസ്‌ തുടങ്ങിയ സാമ്പ്രദായിക എയര്‍ ഫ്രഷ്‌നേര്സും വാങ്ങിച്ചു വച്ചിരുന്നു.

അടി തുടങ്ങി. കുപ്പിയിലെ ദ്രാവകവും ഗ്ലാസിലെ വെള്ളവും മുറക്ക് തീര്‍ന്നു കൊണ്ടിരുന്നു. പാമ്പുകള്‍ ഫോമിലായി, സര്‍ഗാത്മതയ്ക്കു വയറിളക്കം പിടിക്കുന്ന സമയം, ചിലര്‍ പാടി, ചിലര്‍ കരഞ്ഞു, ചിലര്‍ ചിരിച്ചു വേറെ ചിലര്‍ പുഞ്ചിരിച്ചു. ഇനിയും ചിലര്‍ ഒന്നും പറയാതെ മിണ്ടാതിരുന്നു. രക്തത്തില്‍ കയറിയ ഹൈഡ്രോക്സില്‍ ഗ്രൂപുകള്‍ മസ്തിഷ്കകോശങ്ങളെ അധിനിവേശം നടത്തപ്പെട്ട ഇറാക്ക് പോലെയാക്കി. കഥകള്‍ തുടങ്ങി, പ്രണയ നൈരാശ്യം ആണ് പ്രധാന വിഷയം, ഒരുത്തന്‍ പറയാന്‍ തുടങ്ങുമ്പോഴേക്കും, ഒരു കുപ്പി പകുതി ആയിക്കാണും, അവന്‍ ആദ്യമായി കണ്ടതും, ആദ്യമായി ഒന്നിച്ചിരുന്നു പഞ്ചാരഅടിച്ചതും തുടങ്ങി അവസാനം ലവള്‍ ലവനോട് ടാറ്റാ ബൈ ബൈ പറയുന്നതോടെ, കഥാകാരനും കേള്‍വിക്കാരും കൂട്ടക്കരച്ചില്‍ തുടങ്ങും. അറുത്ത കൈക്ക് ഉപ്പ് തേക്കുക, മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാ ഇടുക, ഇടി വെട്ടിയവന്റെ ട്രൌസറിന്റെ പോക്കറ്റില്‍ നീര്‍ക്കോലിയെ ഇടുക തുടങ്ങിയ കലകളില്‍ പ്രാവീണ്യം നേടിയ ചിലര്‍ കഥയ്ക്ക് പഞ്ച് കൂട്ടാന്‍, ക്ലൈമാക്സില്‍ "സന്യാസിനീ നിന്റെ പുണ്യാശ്രമത്തില്‍.., സുമംഗലീ നീ ഓര്‍മിക്കുമോ..തുടങ്ങിയ ഗാനങ്ങള്‍ ഓര്‍ക്കസ്ട്ര ഇല്ലാതെ വെറും വയറ്റില്‍(,(മദ്യം ഒഴിച്ച് വേറെ ഒന്നും ഇല്ലാത്ത) പാടിക്കൊണ്ടിരിക്കും, ഒരുത്തന്റെ കഥ തീരുമ്പോഴേക്കും അടുത്തത് തുടങ്ങും. എല്ലാരുടെ കഥകളും എല്ലാരും കേള്‍ക്കണം എന്ന്, കുടിയന്മാരുടെ കൊണ്സ്ടിടുഷനില്‍ പറഞ്ഞിട്ടുണ്ട്, അത്കൊണ്ട് ഇടയ്ക്കു വച്ച് മുങ്ങുന്നവന്‍ നിര്‍ദയം മര്‍ദിക്കപ്പെടുമായിരുന്നു. (ഇക്കാര്യത്തില്‍ പാമ്പുകള്‍ക്ക് പോലും അടി കിട്ടിയ ചരിത്രം കൊച്ചിയില്‍ പാട്ടാണ്,).


കഥകള്‍ പുരോഗമിച്ചു, കളരിപ്പയറ്റിനു ചൂട് കയറി. കന്നിക്കുടിയന്മാര്‍ പോലും ഫോമില്‍ ആയി, പെട്ടെന്ന് രസച്ചരട് പൊട്ടിച്ചു കൊണ്ട് മുന്തിയ പാമ്പ് എഴുന്നേറ്റു നിന്ന് പ്രസ്താവിച്ചു.

"സാധനം തീര്‍ന്നു.."

ആരും കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. നിശബ്ദദയുടെ നിമിഷങ്ങള്‍. .മെലന്‍ഘലി ഖനീഭവിച്ച അന്തരീക്ഷം, സ്വല്പം മുന്‍പ് വരെ ആനന്ദത്തിലാരാടിയ കുടിയവൃന്ദം പൊടുന്നനെ Sev 1 IMR അടിച്ചു കിട്ടിയ ഡെവലപ്പ്മെന്റ് ടീമിനെ പോലെ ശോകമൂകരായി, കന്നിക്കുടിയന്മാരില്‍ ചിലര്‍ സങ്കടം സഹിക്കാനാകാതെ മുഖം പൊത്തി തേങ്ങി.

സുദീര്‍ഘമായ ഒരു നിശബ്ദതയ്ക്കു ശേഷം, മൌനം ഭഞ്ജിച്ചു കൊണ്ട് മറ്റൊരു പാമ്പ്

"മെയ്‌ ഫെയര്‍ തുറക്കാന്‍ സാധ്യത് ഉണ്ട്, അല്ലേല്‍ പൈപ്പ് ലൈന്‍ റോഡ്‌ വഴി കയറി പത്തടിപ്പാലത്തെ സീ ഗേറ്റില്‍ കാണും, ഇതൊന്നും ഇല്ലെങ്കില്‍ തന്നെ നോര്‍ത്ത്‌ കളമശ്ശേരിയില്‍ പ്രീമിയരിന്റെ ഒപ്പോസിറ്റ്‌ ഷട്ടറിന്റെ നടുവില്‍ ദ്വാരമിട്ടു ബ്ലാക്കില്‍ കൊടുക്കുന്ന ഒരു സ്ഥലം ഉണ്ട്, ഇവിടെ എവിടിയെന്കിലും കിട്ടാതിരിക്കില്ല.

ഗൂഗിള്‍ തോല്‍ക്കുന്ന ഈ GPS നാവിഗഷന്‍ സിസ്ടത്തിനു മുന്നില്‍ കന്നിക്കുടിയന്മാര്‍ വീണു. ഞങ്ങള്‍ തന്നെ പോകാം എന്നായി. ബൈക്കിന്റെ ചാവിയും എടുത്തു, രണ്ടു പേര്‍ നേരെ വെളിയിലോട്ടിറങ്ങി.

പുറത്തു നല്ല നിലാവ്, നിലാവിന്റെ നീല വെളിച്ചത്തില്‍ അവര്‍ ആ കാഴ്ച കണ്ടു, തന്റെ 98 മോഡല്‍ സ്പെല്ന്‍ടര്‍ പ്ലസ്‌ ഇരിക്കുന്ന സ്ഥലത്ത് ഒരു പുത്തന്‍ ഹാര്‍ലി ഡേവിസണ്‍ സ്ട്രീറ്റ്‌ ബോബ് പവര്‍ ബൈക്കിരിക്കുന്നു, കുപ്പിക്കുള്ളിലെ ഭൂതം തന്നതാണെന്ന കാര്യം അറിയാതെ രണ്ടു പേരും ഹാര്‍ലെ ഡേവിസണില്‍ നേരെ പാലാരിവട്ടം വച്ച് പിടിപ്പിച്ചു.

കുതിച്ചു പായുന്ന ബൈക്കിന്റെ പിറകില്‍ ഇരുന്ന വിദ്വാന്‍ പൊടുന്നനെ ഒരു ദൃശ്യം കണ്ടു, മഞ്ഞ വെളിച്ചത്തില്‍ ദൂരെ പുകയും തീയും ഉയരുന്നു (ബ്രഹ്മപുറത്തെ പ്ലാന്റില്‍ രാത്രി തീയിടുന്ന കാര്യം വിദ്വാന്‍ അറിഞ്ഞിരുന്നില്ല).

ദേ നോക്കെടാ, ദൂരെ തീയും പുകയും.."

ഹാര്‍ലി ഡേവിസണ്‍ ഓടിച്ചിരുന്ന പുള്ളി പൊടുന്നനെ കഴുത്ത് വെട്ടിച്ചു, സ്പീഡും ഡയരക്ഷനും തിരിച്ചറിയാന്‍ പറ്റാത്ത ആ ദുര്‍ബലനിമിഷത്തില്‍, ബൈക്ക് ഒരു കുഴിയിലേക്ക് മറിഞ്ഞു വീണു.

************************************************************************************

ഇനി സീരിയസ്)......

അര്‍ദ്ധരാത്രി ഒരു മണിക്ക് അക്സിടെന്റ്റ്‌ പറ്റിയ രണ്ടു ചെറുപ്പക്കാരെയും കൊണ്ട് സണ്‍റൈസ് ഹോസ്പിടലിനു മുന്നില്‍ ഒരു ആംബുലന്‍സ് വന്നു നിന്നു. സാരമായി പരിക്കേറ്റ ബൈക്കിനു പിറകില്‍ ഇരുന്ന യുവാവിനെ ഉടന്‍ ICU വിലേക്ക് മാറ്റി, കൈകള്‍ക്ക് കാര്യമായി ചതവും, തലയില്‍ മൂന്നു തുന്നലുമായി, ബൈക്കൊടിച്ച വ്യക്തി സുഹൃത്തുക്കളെ വിളിക്കാന്‍ ശ്രമിച്ചു, ഡയല്‍ ചെയ്യുന്നതല്ലാതെ ഫോണ്‍ കണക്ട് ആയില്ല, ഒടുവില്‍ തന്റെ പ്രൊജക്റ്റ്‌ ലീടര്‍ ആയ മാഡത്തെ വിളിച്ചു.

തലേന്നത്തെ മുഴു നീളന്‍ CMR കാരണം ഉറക്കം നഷ്ടപ്പെട്ടിരുന്ന മേഡത്തിന്റെ നിദ്രയ്ക്കു വീണ്ടും വിഘ്നം വരുത്തിക്കൊണ്ട് സെല്‍ഫോണ്‍ ശബ്ദിച്ചു. മറ്റേ തലയ്ക്കല്‍ വിറച്ചുകൊണ്ട് നേര്‍ത്ത ഒരു ശബ്ദം.

"മേഡം.... പ്രോജക്ടിലെ സജീവ്‌ ആണ്, ഒരു അക്സിടെന്റ്റ്‌...... പറ്റി എനിക്കും മുനീറിനും, അവന്‍ കുറച്ചു....അത്.. പിന്നെ.... ക്രിടികല്‍ ആണ്, പെട്ടെന്ന് ഇവിടം വരെ വരുമോ. ഞങ്ങള്‍ സണ്‍റൈസില്‍ ഉണ്ട്"

ഒന്നും മനസ്സിലാകാതെ അന്തം വിട്ടിരുന്ന മേഡം, സമയം നോക്കി, 1:10 AM. ഒട്ടും സമയം കളയാതെ മേഡവും ഭര്‍ത്താവും നേരെ ആശുപത്രിയിലേക്ക് വിട്ടു. 10 മിനിട്ട് കൊണ്ട് ആശുപത്രിയില്‍ എത്തിയ മേഡത്തേയും കാത്തു, സജീവ്‌ വെളിയില്‍ തന്നെ ഉണ്ടായിരുന്നു, എന്തായിരുന്നു സംഭവിച്ചത് എന്ന് പറയും മുന്‍പേ അവരെയും കൊണ്ട് സജീവ്‌ ICU വിനടുത്തെക്ക് കൊണ്ട് പോയി.

പുറത്തു ICU വിനു വെളിയിലെ സ്ട്രക്ച്ചരില്‍ മുനീര്‍ കിടക്കുന്നു, ശ്വാസം മാത്രം ഉണ്ട്, ഇടിയില്‍ തല പൊട്ടി കണ്ണുകള്‍ വെളിയിലേക്ക് തുറിച്ചു വന്നിരുന്നു, ഷര്‍ട്ടിലും നെഞ്ഞത്തും രക്തം തളം കെട്ടിയിരുന്നു. ഒന്ന് നോക്കിയതോടെ മുഖം തിരിച്ചു കളഞ്ഞ മേഡത്തോട് ഉടന്‍ തന്നെ റിസപ്ഷനില്‍ ഹാജരാകാന്‍ നേഴ്സ് വിളിച്ചു പറഞ്ഞു.

റിസിപ്ഷനില്‍ ന്യൂറോ സര്‍ജന്‍മാരായ മഞ്ജുനാഥ്, അജയും ടീമും വെയിറ്റ് ചെയ്യുവാരുന്നു. സ്വയം പരിചയപ്പെടുത്തിയ അജയ്‌ ഉടന്‍ തുടര്‍ന്നു.

"വളരെ critical ആയ ഒരു സ്റേജില്‍ ആണ് മുനീര്‍, ബ്രൈനില്‍ വലുതായിട്ട് ബ്ലഡ്‌ ക്ലോട് ചെയ്തിട്ടുണ്ട്, ഉടനടി സര്ജരി ചെയ്തില്ലേല്‍ പ്രതീക്ഷക്ക് യാതൊരു വകയും ഇല്ല, ഇനി ചെയ്‌താല്‍ തന്നെ രക്ഷപ്പെടുമോ എന്നാ കാര്യം 24 മണിക്കൂര്‍ കഴിഞ്ഞാലേ പറയാന്‍ പറ്റൂ, പക്ഷെ സര്‍ജറി ചെയ്യണമെങ്കില്‍ തന്നെ someone has to sign on the papers."


മേഡം ധര്‍മസങ്കടത്തിലായി. മുനീറിന്റെ ബന്ധുക്കളെ ആരെയും വിളിച്ചു കിട്ടുന്നില്ല, ഡോക്ടര്‍ ചോദിക്കുന്നത് ഒരു ചെറിയ ഒപ്പാണ്, പക്ഷെ ആ ഒപ്പ് മതി ഒരു പക്ഷെ ഒരു ആയുസ്സ് മുഴവന്‍ കോടതി വരാന്ത തെണ്ടെണ്ടി വരുന്ന തീരാദുരിതവും ആയി മാറാന്‍. പക്ഷെ മിനിട്ടുകള്‍ അല്ല സെകണ്ടുകള്‍ പോലും ചിന്തിക്കാന്‍ ഇല്ല, നിഷേധിച്ചാല്‍ ഒരു ചെറുപ്പക്കാരന്റെ ജീവിതം അതോടെ തീരും. തന്റെ കമ്പനി പഠിപ്പിച്ചു തന്നു വിട്ട ക്രയിസിസ് മാനേജ്മെന്റിന്റെ കോര്‍പറേറ്റ് സൂക്തങ്ങള്‍ക്ക് പുല്ലു വില പോലും കല്പിക്കാതെ വിധി തന്നെ നോക്കി പല്ലിളിച്ചു കാട്ടുമ്പോള്‍, ഭര്‍ത്താവ് പുറത്തു വന്നു തട്ടിയിട്ടു പറഞ്ഞു.

"എന്തും വരട്ടെ, we are going to do it."

അത് ഒരു ഉറച്ച തീരുമാനം ആയിരുന്നു, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രായോഗിക സിദ്ധാന്തങ്ങളില്‍ വശംവദരാകാതെ, അവര്‍ consent ഒപ്പിട്ടു കൊടുത്തു, പ്രിന്റ്‌ ചെയ്ത പേരിനു താഴെ ഒരു ചെറിയ ഒപ്പ്, നീല നിറങ്ങളില്‍ ചാലിച്ച ഒരു ചെറിയ പേരും പിന്നെ അതിനു മുകളിലൂടെ ഒരു വരയും, conesnt ഫോം സ്വീകരിച്ചു കൊണ്ട്, ഡോക്ടര്‍ പറഞ്ഞു.."Thank you very much."

ഈ വാക്ക് മേഡം പലയിടത്തും കേട്ടിട്ടുണ്ട്, തന്റെ വന്‍ പ്രോജക്ടുകള്‍ പ്രോഡക്ഷനില്‍ വലിയ വിജയമാകുമ്പോള്‍ ബിസിനസ്‌ ടീം വിളിച്ചു പറയാറുണ്ട്‌, Thank you very much. തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതത്തില്‍ പൊടുന്നനെ ഒരത്യാവശ്യത്തിനു വീട്ടില്‍ പോകേണ്ടി വരുന്ന അസ്സോസിയെറ്റിന്റെ ലീവ് അപ്രൂവ് ചെയ്യുമ്പോളും കേട്ടിട്ടുണ്ട്, പക്ഷെ ഇന്നാദ്യമായി ആ വാക്കിന്റെ ശരിയായ അര്‍ഥം മേഡത്തിനു മനസ്സിലായി.

മണിക്കൂറുകളോളം നീണ്ട സര്‍ജറി, 7 മണിക്കൂറിനു ശേഷം ഡോക്ടര്‍ വെളിയില്‍ വന്നു. ക്ലോട്ട് നീക്കം ചെയ്തു, പക്ഷെ നിലയില്‍ യാതൊരു മാറ്റവും ഇല്ല, ഇതിനിടയില്‍ മുനീറിന്റെ ബന്ധുക്കള്‍ പറന്നെത്തെയിരുന്നു. കണ്ണീരോടെ അവര്‍ ഒപറഷന്‍ തീയട്ടരിനു വെളിയില്‍ കഴിച്ചു കൂട്ടി, അന്ന് മുഴുവന്‍ തിണ്ണയില്‍ കുത്തിയിരുന്ന് കണ്ണീരോടെ നേരം വെളുപ്പിച്ച മുനീറിന്റെ ചേട്ടന്റെ രൂപം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാഡത്തിന്റെ മനസ്സില്‍ നിന്നും മാഞ്ഞില്ല, വൈകുന്നെരമായിട്ടും മുനീറിന്റെ നിലയില്‍ യാതൊരു മാറ്റവും ഉണ്ടായില്ല.

മൂന്നു ദിവസങ്ങള്‍ കഴിഞ്ഞു, മുനീറിന് കൃഷ്ണ മണികള്‍ ചലിപ്പിക്കാനും, തല പതിയെ അനക്കാനും സാധിച്ചു, ചലനശേഷി ഇനിയും തിരിച്ചു കിട്ടിയില്ല. മരുന്നുകളും ഇന്ജെക്ഷനുകളും തുടര്‍ന്ന് കൊണ്ടേയിരുന്നു. ഒടുവില്‍ ചലനശേഷി തിരിച്ചു കിട്ടി, പിന്നെ മാസങ്ങളോളം നീണ്ട ഫിസിയോതെറാപ്പി. ഒടുവില്‍ ആരുടോക്കെയോ പ്രാര്‍ത്ഥനകള്‍ കൊണ്ടും, കൈപ്പിഴ ഇല്ലാത്ത ഡോക്ടര്‍മാരുടെ കൈമിടുക്ക് കൊണ്ടും ആരോഗ്യം പൂര്‍ണമായും വീണ്ടുകിട്ടി.

നടക്കാന്‍ തുടങ്ങാന്‍ പറ്റിയ ഉടനെ മുനീര്‍ തന്റെ സ്വന്തം സ്ഥലമായ ലക്ക്നോവിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിച്ചു, കുടുംബത്തോടൊപ്പം താമസിക്കാന്‍, മെഡിക്കല്‍ കാരണം പറഞ്ഞപ്പോള്‍ ട്രാന്‍സ്ഫര്‍ പൊടുന്നനെ അപ്രൂവ് ആയി അങ്ങനെ മുനീര്‍ ഉത്തരേന്ത്യയിലേക്ക് തിരിച്ചു. ഒരു 6 മാസത്തിനു ശേഷം അവന്‍ വീണ്ടും മാഡത്തെ വിളിച്ചു, താന്‍ സുഖമായിരിക്കുന്നു എന്നും, തനിക്ക് ഓടാന്‍ വരെ സാധിക്കുന്നുണ്ടെന്നും സന്തോഷത്തോടെ അറിയിച്ചു, തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നതിനു ആദ്യമായി നന്ദി പറഞ്ഞു. മാത്രമല്ല ആ സംഭവത്തിന്‌ ശേഷം താന്‍ ഒരിക്കലും മദ്യം തൊട്ടില്ലെന്നും, ഇനി ഒരിക്കലും തൊടില്ലെന്നും സത്യം ചെയ്തു. ഹ്രസ്വമായ ആ സംഭാഷണത്തിന് ശേഷം മേഡം കണ്ണുകളടച്ചു..പ്രശാന്തമായി ഒന്ന് പുഞ്ചിരിച്ചു.

***********************************************

ഈ കഥ മുനീര്‍ വായിക്കാന്‍ വഴിയില്ല, കാരണം അവന്‍ മലയാളി അല്ല, മേഡം ഇത് വായിച്ചാലും ഇല്ലെങ്കിലും അവരുടെ ജീവിതത്തില്‍ ഇത് ഒരു മാറ്റവും വരുത്താനും വഴി ഇല്ല, കാരണം അവര്‍ മദ്യപിക്കാറില്ല. അശാന്തിയുടെ അശനിപാതമായ കൊടിയ മദ്യപാന വിപത്തിലേക്ക് അനുദിനം കേരള ജനത വഴുതി വീഴുമ്പോള്‍ ഒരു ചെറിയ അഭ്യര്‍ത്ഥന (ഉപദേശം സ്വീകരിക്കുക എന്നത് ഈ തലമുറയ്ക്ക് മൃതിയേക്കാള്‍ ഭയാനകം എന്നറിയാം എങ്കിലും.)

"വെള്ളമടിച്ചു വണ്ടി ഓടിക്കരുത്, ഇനി അഥവാ വെള്ളമടിച്ച് വണ്ടി ഓടിച്ചേ പറ്റൂ എന്ന വാശി ആണെങ്കില്‍, പിറകില്‍ മറ്റാരെയും കയറ്റരുത്, കാരണം നിങ്ങളുടെ പിന്നില്‍ നിങ്ങളെ പുണര്‍ന്നു കവിളില്‍ മുത്തം തന്നു കൊണ്ട് മരണം പിറകില്‍ ഇരിക്കുമ്പോള്‍, എന്തിനാ അതിന്റെ ഇടയില്‍ മറ്റൊരുവനെ വലിച്ചു കയറ്റുന്നത്. (അല്ലെങ്കില്‍ തന്നെ നമ്മുടെ നിയമത്തില്‍ മൂന്നു പേരെ വച്ച് ടു വീലര്‍ വണ്ടി ഓടിക്കുക എന്നത് ശിക്ഷ അര്‍ഹിക്കുന്ന കുറ്റം ആണ് എന്ന് പ്രത്യേകം പറഞ്ഞിട്ടുമുണ്ട്.)

സീരിയസ് കഴിഞ്ഞു ഇനി മസില് വിട്ടോളൂ..............***********************************************************************************

തുറക്കും മുന്‍പേ വെളിപാട് ഉണ്ടായിരുന്നു അത് അപകടം ആണ് എന്ന്..... തുറന്നു... അപകടം പറ്റി. എന്നിട്ടും ഈ ആള്‍ക്കാരൊക്കെ എന്തിനാണ് തുറക്കണം തുറക്കണം എന്ന് പറയുകയും, സുപ്രേം കോടതി ഇടപെടുകയും, നാടായ നാട് മുഴുവന്‍ ഇതിന്റെ പേരില്‍ സെമിനാര്കളും, ചര്‍ച്ചകളും കവിയരങ്ങുകളും സംഘടിപ്പിക്കുന്നത് എന്ന് ആശാന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ഇനി ഒരു പക്ഷെ ഇതിനെ ആയിരിക്കും നമ്മള്‍ നിഗൂഡത, പ്രഹേളിക, മരീചിക, ചക്കക്കുരു എന്നൊക്കെ പറയുന്നത്. ഏതായാലും ഒരു കാര്യം പറയാം, അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും, ഇനി അഥവാ ചൊറിയുമ്പോള്‍ അറിഞ്ഞില്ലെങ്കില്‍ അറ്റ്ലീസ്റ്റ് തുറക്കുമ്പോള്‍ എങ്കിലും അറിയും.